Thursday, July 17, 2008

ജീവിതവല്‍ക്കരണം

ബസ് ചാര്‍ജ്ജ്...
പെട്രോള്‍ വില...
പാചകവാതക വില...
അരി വില....
കൂടുന്ന ലോകത്ത്..
ആഗോളവല്‍ക്കരണത്തിനും
കമ്പോളവല്‍ക്കരണത്തിനുമിടയില്
‍ജീവിതവല്‍ക്കരണത്തിനായി
പൊരുതുന്ന പാവം മനുഷ്യന്‍....

Sunday, June 15, 2008

അറിവില്ലായ്മകള്‍....


കുഞ്ഞാമിനയ്ക്ക് ഒന്നും മനസ്സിലായില്ല...രാവിലെ ഇസ്കൂളില്‍ പോയതാണ് കുഞ്ഞാമിന...വൈകിട്ട് മൂന്ന് മണിക്ക് അടുത്ത വീട്ടിലെ ശ്രീധരന്‍ മാമായാണ് കുഞ്ഞാമിനയെ ഇസ്കൂളില്‍ വന്ന് വിളിച്ചത്...വീട്ടിലേക്ക് വരുന്ന വഴീല് മൊത്തം ആള്‍ക്കാര് കൂടി നിക്കണൊണ്ട്. ക്ളാസില്‍ ആനി ടീച്ചറ് ബോര്‍ഡില്‍ കുറിച്ചിട്ട കണക്ക് ചെയ്തോണ്ടിരിക്കമ്പഴാണ് മാമ വന്ന് വിളിച്ചത്... മാമാന്റെ സൈക്കിളിന് മുന്നിലിരുന്ന് വരുന്ന തന്നെ എല്ലാരും ബെഷമത്തോടെയാണ് നോക്കണതെന്ന് കുഞ്ഞാമിനയ്ക്ക് മനസ്സിലായി... റോട്ടില്‍ മൊത്തോം ആള്‍ക്കാര് ബട്ടം കൂടി നിക്കണൊണ്ട്. കവലയിലെത്തിയപ്പോഴാണ് കുഞ്ഞാമിന അത് കണ്ടത്. ബാപ്പാന്റ പടം വഴി നീളെ ഒട്ടിച്ചേക്കണ്. ചിലടത്ത് കരിങ്കൊടീം വച്ചിരിക്കണ്. 'ആദരാഞ്ജലികള്‍' എന്നെഴുതിയിട്ടുമുണ്ട്. അക്ഷരങ്ങള്‍ കൂട്ടിവായിച്ചെങ്കിലും അര്‍ത്ഥം മനസ്സിലായില്ല. 'യെന്തിനാണ് മാമാ.. ബാപ്പാന്റ പടം ചുവരിന്മേല് ഒട്ടിച്ചേക്കണത്.'... ശ്രീധരന്‍മാമായെന്താണ് പറഞ്ഞതെന്നും കുഞ്ഞാമിനയ്ക്ക് മനസ്സിലായില്ല "ഓന്‍ പോയി മോളേ.... ആ രാക്ഷസന്മാര് നിന്റെ ബാപ്പയെയും വെറുതെവിട്ടില്ല പൊന്നേ...'' വീട്ടിന് ചുറ്റും ആള്‍ക്കാര് കൂടി നിക്കണൊണ്ട്. ഉമ്മാന്റെയും ഉമ്മുമ്മാന്റെയും ഉച്ചത്തിലുള്ള വിളി കുഞ്ഞാമിന കേക്കണൊണ്ട്. പോലീസും നിക്കണൊണ്ട്. കുഞ്ഞാമിനയ്ക്ക് ഒന്നും മനസ്സിലായില്ല... ഉമ്മയും ഉമ്മുമ്മയും കരയണകേട്ട് അവളും ഉച്ചത്തില്‍ നിലവിളിക്കുകയാണ്.. എന്തിനാണ് കരയണതെന്ന് അവള്‍ക്ക് മനസ്സിലായില്ല. അതിനിടയില്‍ ഒരു മാമന്‍ വന്ന് ഉമ്മറത്ത് കട്ടിന്‍മേല്‍ വെള്ളപൊതിപ്പിച്ച് കിടത്തിയിരുന്ന ഒരു രൂപത്തിന്റെ മുകള്‍ഭാഗത്തെ തുണിയുയര്‍ത്തി കാണിച്ചുകൊടുത്തു കുഞ്ഞാമിനയ്ക്ക്. അത് മയ്യത്താണെന്ന് കുഞ്ഞാമിനയ്ക്ക് അറിയാം. നേരത്തേ മയ്യത്ത് കാണാന്‍ കുഞ്ഞാമിനയ്ക്ക് പേടിയാണ്. അന്ന് രാത്രി അവള്‍ ഉറങ്ങില്ല. അതു കൊണ്ട് തന്നെ അവള്‍ അങ്ങോട്ട് നോക്കാന്‍ ഭയന്നു. ഉമ്മയുടെയും ഉമ്മുമ്മയുടെയും നിലവിളി കൂടുതല്‍ ഉച്ചത്തിലാവുകയാണ്. 'നോക്ക് മോളെ... നിന്റെ ബാപ്പാനെ... ഇനി നിനക്ക് അവനെ കാണാന്‍ പറ്റില്ലല്ലോ..?' ഉപ്പുപ്പായാണത് പറഞ്ഞത്. ഉപ്പുപ്പയുടെ കണ്ണുകളും നിറഞ്ഞിട്ടൊണ്ട്. കുഞ്ഞാമിനയ്ക്ക് അങ്ങോട്ട് നോക്കാന്‍ കഴിഞ്ഞില്ല. രാവിലെ തന്നെ ഇസ്കൂളില്‍ കൊണ്ടാക്കിയ ബാപ്പായാണ് ആ കിടക്കുന്നതെന്ന് അവള്‍ക്ക് മനസ്സിലായില്ല. തന്റെ ബാപ്പായാണോ ഇത്. വെളുത്തു സുന്ദരനായ തന്റെ ബാപ്പയല്ല ഇത്. ഇത് മറ്റാരോ ആണ്. മുഖത്തും നിറയെ ചോരപ്പാടുകള്‍.. അവള്‍ തിരിഞ്ഞുനടന്നു..... 'ഓള് കണ്ടില്ലേ...., ഇന്നി ആരെ കാക്കാനാ... അധികസമയം ഇട്ടേക്കണ്ട... നമുക്ക് പള്ളിലേക്കെടുക്കാം....'. ബാപ്പാന്റെ പെങ്ങള്‍ സുഹറമാമിയാണ് അവളെ പിടിച്ചണച്ചത്. അവര്‍ എന്തക്കെയോ പിറുപിറുക്കുന്നുണ്ട്.... ബാപ്പാന്റെ മയ്യത്തുമെടുത്തോണ്ട് മാമാന്മാര് പോണതും അവള്‍ കണ്ടു. അവള്‍ക്കൊന്നും മനസ്സിലായില്ല. ബാപ്പായെ 'സഖാവെ' എന്നു വിളിച്ചോണ്ട് കൂട നടന്ന മാമാമാരാണ് ബാപ്പയുടെ മയ്യത്തുമെടുത്തോണ്ട് പോണത്. ഇസ്കൂളില്‍ ബാപ്പാ തന്നെ സൈക്കിളിന്റെ മുന്നിലിരുത്തി കൊണ്ടാക്കുമ്പോള്‍ ഒരു നൂറു പേരെങ്കിലും ബാപ്പാനെ 'സഖാവെ'യെന്നു വിളിക്കാറുണ്ട്. ആ വാക്കിന്റെ അര്‍ത്ഥം അവള്‍ക്കറിയില്ലെങ്കിലും ബാപ്പ ആ വിളികേള്‍ക്കുമ്പോള്‍ അഭിമാനിക്കുന്നത് അവള്‍ക്കറിയാം. ഇടയ്ക്ക് അവളും ബാപ്പാനെ വിളിക്കാറൊണ്ട് 'സഖാവേന്ന്'.. ബാപ്പായും തന്നെ തിരിച്ചുവിളിക്കും 'കുട്ടി സഖാവേന്ന്...'.പിന്നെ ഉപ്പുപ്പായാരോടാ പറേണത് കേട്ട്. ബാപ്പാനെ വെട്ടിക്കൊന്ന കൂട്ടത്തില്‍ അപ്പുറത്ത മാധവന്‍മാമയും ഉണ്ടെന്ന്. മാധവന്‍മാമായുടെ മോള് മീനുവും തന്റെ ക്ളാസിലാണ് പഠിക്കണത്. ബാപ്പായ്ക്കും അവളെ വലിയ ഇഷ്ടമായിരുന്നു. അവള് സ്കൂളില്‍ പോണത് ബസിലാണ്.. ബാപ്പാക്ക് തന്നെ സൈക്കിളിലിരുത്തി കൊണ്ടുപോകാനാണ് ഇഷ്ടം. എത്ര തിരക്കുണ്ടെങ്കിലും രാവിലെ ഇസ്കൂളില്‍ സൈക്കിളില്‍ ഇരുത്തി കൊണ്ടാക്കാന്‍ ബാപ്പ വരുമായിരുന്നു. ചിലപ്പം സ്കൂളില്‍ പോകുമ്പോ ബസ് സ്റോപ്പില്‍ നിക്കണ മീനുവിനെ കൂട ബാപ്പാ സൈക്കിളില്‍ കൊണ്ടാക്കും. മുന്നില്‍ മീനുവിനെയും പിന്നില്‍ തന്നെയും ഇരുത്തിയായിരിക്കും പിന്നത്തെ യാത്രയെന്ന് കുഞ്ഞാമിന ഓര്‍ക്കുന്നു. അവള്‍ക്ക് പിന്നിലിരിക്കാന്‍ പേടിയാണ്. എല്ലാ ദിവസവും ദാസപ്പന്‍മാമന്റെ കടേന്ന് വടയും ചായയും ബാപ്പ വാങ്ങിത്തരും. മീനുവുള്ളപ്പോള്‍ അവള്‍ക്കും ബാപ്പ വാങ്ങിക്കൊടുക്കും. മാധവ മാമയും ബാപ്പയും രണ്ടു പാര്‍ട്ടിക്കാരാണെന്ന് കേട്ടിട്ടുണ്ട്. അല്ലാതെ മറ്റൊന്നും കുഞ്ഞാമിനയ്ക്ക് മനസ്സിലാകുന്നില്ല. ഒരു പാര്‍ട്ടിക്കാര് മറ്റൊരു പാര്‍ട്ടിക്കാരെ കൊല്ലുമോ... അതെന്താ അങ്ങനെ... കുഞ്ഞാമിനയ്ക്ക് ഒന്നും മനസ്സിലാകുന്നില്ല. മാധവ മാമയെന്തിനാ തന്റെ ബാപ്പയെ കൊന്നത്. തന്നെ പോലെയല്ലേ മീനുവിനെയും ബാപ്പ കണ്ടിരുന്നത്. എന്നിട്ടും എന്തിനാ മാമ ബാപ്പയെ കൊന്നത്... കുഞ്ഞാമിനയ്ക്ക് ഒന്നും മനസ്സിലാകുന്നില്ല....